മലപ്പുറത്തെ ആതവനാട്ടിൽ നിന്ന് മക്കയിലേക്ക് കാൽനടയായി യാത്ര തുടങ്ങി ശിഹാബുദ്ദീൻ. ഏതാണ്ട് 8600 കിലോമീറ്റർ ദൂരമുണ്ട് മക്കയിലെത്താൻ. വ്യാഴാഴ്ച സുബഹി നിസ്കാരത്തിന് ശേഷമാണ് യാത്ര തുടങ്ങിയത്. എട്ട് മാസം കൊണ്ട് സൗദിയിൽ എത്താനാകുമെന്ന പ്രതീക്ഷയിലാണ് ദു ആ ചൊല്ലി ശിഹാബിന്റെ യാത്ര.
പാക്കിസ്താൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് സൗദിയിലെത്തുന്നത് എന്ന കാരണത്താൽ ശിഹാബ് പാക്കിസ്ഥാനിൽ നിന്നുള്ള രേഖകൾ 45 ദിവസത്തോളം ഡൽഹിയിൽ താമസിച്ചാണ് നേടിയെടുത്തത്.
വളാഞ്ചേരി ആതവനാട് ചോറ്റൂർ ചേലമ്പാടൻ തറവാട്ടിൽ നിന്നാണ് ശിഹാബുദ്ദീൻ യാത്രയ്ക്ക് ഇറങ്ങിയത്. ബന്ധുക്കളും സുഹൃത്തുക്കളും അല്പദൂരം ശിഹാബിനെ അനുഗമിക്കുകയും ചെയ്തു.
അത്യാവശ്യ സാധനങ്ങൾ മാത്രം കയ്യിൽ കരുതിയാണ് യാത്ര. താമസവും ഭക്ഷണവും ചെല്ലുന്ന സ്ഥലത്തെ പള്ളികളിൽ നിന്നാണ്. ആദ്യ ദിവസത്തെ യാത്ര പരപ്പനങ്ങാടിയിലെ ജുമാമസ്ജിദിൽ ചെന്നാണ് നിന്നത്. രാത്രി അവിടെ തങ്ങിയ ശിഹാബ് ഇന്നലെ വെള്ളിയാഴ്ച വീണ്ടും നടത്തം തുടങ്ങി.
സൗദിയിലായിരുന്നു ശിഹാബുദ്ദീന് ജോലി. പല തവണ പുണ്യഭൂമി സന്ദർശനം നടത്തിയതോടെയാണ് ജന്മനാട്ടിൽ നിന്ന് കാൽനടയായി വന്ന് ഹജ്ജ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. ആഗ്രഹം കുടുംബത്തോടും സുഹൃത്തുക്കളോടും പങ്കുവെച്ചപ്പോൾ പൂർണ പിന്തുണ ലഭിച്ചതോടെയാണ് ശിഹാബിന് ധൈര്യം വന്നത്.
ആതവനാട് ചോറ്റൂർ ചേലമ്പാടൻ സെയ്‌തലവി – സൈനബ ദമ്പതികളുടെ മകനാണ് ശിഹാബുദ്ദീൻ. പ്രവാസിയായിരുന്ന ശിഹാബ് കഴിഞ്ഞ ആറ് വർഷമായി കഞ്ഞിപ്പുരയിൽ ബിസിനസ് നടത്തുന്നു.