ദുബായ് സിലിക്കൺ ഒയാസിസിലേക്ക് ഗതാഗതം വേഗത്തിലാക്കുന്ന ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു. ദുബായ്–അൽഐൻ റോഡിൽനിന്ന് അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 3 കിലോമീറ്റർ ദൈർഘ്യത്തിലുള്ളതാണ് പുതിയ സ്ട്രീറ്റ്.
കൂടാതെ ദുബായ് സിലിക്കൺ ഒയാസിസ് ഇൻ്റർ സെക്ഷനിലേക്കുള്ള 120 മീറ്റർ നീളമുള്ള 2 പാലങ്ങളും തുറന്നു. നാലുവരി പാതകളുടെ ഇരുവശങ്ങളിലുമായി മണിക്കൂറിൽ 14,400 വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൌകര്യമുണ്ട്. സിലിക്കൺ ഒയാസിസിലെ 25ലേറെ സർവകലാശാലകളിലും, കോളജുകളിലുമായി 27,500 കുട്ടികൾ പഠിക്കുന്നുണ്ട്.
ഇതോടെ വിദ്യാർത്ഥികൾക്കും സമീപ പ്രദേശങ്ങളിലെ താമസക്കാർക്കും യാത്ര കൂടുതൽ സുഗമമാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഈ സ്ട്രീറ്റിനെ ഭാവിയിൽ അക്കാദമിക് സിറ്റിയിൽ നിന്ന് അൽ അവീർ സ്ട്രീറ്റിലേക്കും ബന്ധിപ്പിക്കാനാണ് പദ്ധതി.