2023 ജനുവരി മുതൽ ജൂൺ വരെ 3.3 ദശലക്ഷത്തിലധികം പേർ അബുദാബി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചതായി കണക്കുകൾ. മോസ്ക് സെൻ്ററിൻ്റെ കണക്കുകൾ ഉദ്ധരിച്ച് . എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കണക്കുകൾ പ്രകാരം ലോകത്തിൻ്റെ പലയിടങ്ങളിൽ നിന്നായി 3,334,757 പേരാണ് സന്ദർശനം നടത്തിയത്.
വിശ്വാസികൾക്ക് പുറമെ സ്വദേശത്തും വിദേശത്തുമുളള ഉള്ള സഞ്ചാരികളും ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്ക് സന്ദർശകരായി എത്തുന്നുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. മുൻവർഷത്തെ കാലയളവിലെ സന്ദർശകരേക്കാൾ 127 ശതമാനം വർദ്ധനവാണ് 2023ലെ ആദ്യ ആറ് മാസം രേഖപ്പെടുത്തിയത്. സന്ദർശകരിൽ 2,388,437 പേർ വിനോദസഞ്ചാരികളും, 914,195 പേർ മതപരമായ കാര്യങ്ങൾക്ക് സന്ദർശനം നടത്തിയവരുമാണ്.
സന്ദർശകരിൽ 81 ശതമാനം പേർ വിദേശ ടൂറിസ്റ്റുകളാണെന്നും കണക്കുകൾ പറയുന്നു. 19 ശതമാനം യു എ ഇ നിവാസികളാണ് എത്തിയത്. സഞ്ചാരികളിൽ എണ്ണത്തിൽ ഇന്ത്യാക്കാരാണ് മുന്നിൽ. 393,566 ഇന്ത്യൻ സഞ്ചാരികൾ ജൂൺവരെ അബുദാബി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്ക് സന്ദർശകരായെത്തി.