യുഎഇയിൽ 78 പുതിയ പരിസ്ഥിതി പദ്ധതികൾ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ COP28 ആതിഥേയത്വം വഹിക്കുന്നതിനാണ് പുതിയ പരിസ്ഥിതി പദ്ധതികൾക്കും സംരംഭങ്ങൾക്കും അംഗീകാരം നൽകിയത്. അബുദാബിയിലെ അൽ വതൻ പാലസിൽ ശൈഖ് മുഹമ്മദ് മന്ത്രിമാരുടെ കൗൺസിൽ യോഗത്തിന് നേതൃത്വം നൽകി. യോഗത്തിൽ ഷെയ്ഖ് മൻസൂറിന്റെ നേതൃത്വത്തിലുള്ള എമിറേറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് പരിഷ്‌ക്കരണത്തിന് അംഗീകാരം നൽകുകയും ചെയ്തുവെന്ന് യുഎഇ വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
കാർബൺ കുറയ്ക്കുന്നതിനും സൗരോർജ്ജ ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ തന്ത്രങ്ങൾ, സുസ്ഥിര ടൂറിസം, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ എമിറാത്തി വികസനത്തെ പിന്തുണയ്ക്കുന്ന മറ്റ് സംരംഭങ്ങൾ എന്നിവ പുതുതായി അംഗീകരിച്ച പദ്ധതികളിലും സംരംഭങ്ങളിലും ഉൾപ്പെടുന്നു. കൂടാതെ എമിറേറ്റ്സ് കൗൺസിൽ ഫോർ ഫുഡ് സെക്യൂരിറ്റിയുടെ ഫലങ്ങളും നേട്ടങ്ങളും സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും യോഗം അവലോകനം ചെയ്തു.
അതേസമയം എമിറേറ്റ്‌സ് കൗൺസിൽ ഫോർ ഫുഡ് സെക്യൂരിറ്റി യുഎസുമായി സഹകരിച്ച് ഒരു കാർഷിക കാലാവസ്ഥാ നവീകരണ സംരംഭം ആരംഭിച്ചു. വേൾഡ് ഇക്കണോമിക് ഫോറം, ദുബായിലെ ഫുഡ് ടെക്നോളജി വാലി, മറ്റ് പ്രോജക്ടുകൾ എന്നിവയുമായി സഹകരിച്ച് കാർഷിക നവീകരണത്തിനായി ഒരു ആഗോള പ്ലാറ്റ്ഫോം സ്ഥാപിക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, പരമ്പരാഗത, ഇസ്ലാമിക സാമ്പത്തിക സേവനങ്ങൾ, ക്രിയേറ്റീവ് ഇക്കണോമി സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സേവന കയറ്റുമതി വികസനത്തിനുള്ള സംസ്ഥാനത്തിന്റെ അജണ്ടയും ഈ യോഗത്തിൽ അംഗീകരിച്ചു. ഈ മേഖലകളിലെ യുഎഇ കമ്പനികളുടെ കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനും സാമ്പത്തിക മന്ത്രാലയം പ്രവർത്തിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
യുഎഇ യുടെ വ്യാപാര റിപ്പോർട്ടും അവലോകനം ചെയ്തുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കൂടാതെ മന്ത്രിമാരുടെ കൗൺസിലിൽ ഓരോ പൗരന്റെയും വീടിന്റെ നിർമ്മാണ വേളയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളും ബാങ്കിംഗ് സൗകര്യങ്ങളും എക്‌സ്‌ക്ലൂസീവ് ഓഫറുകളും നൽകാൻ ലക്ഷ്യമിടുന്ന ദാരക് പ്ലാറ്റ്‌ഫോമിന്റെ സമാരംഭത്തെ കുറിച്ചും യോഗം ചർച്ച ചെയ്തു.