അറബ് ലോകത്ത് ആദരണീയനും യുഎഇയുടെ പ്രസിഡൻ്റുമായിരുന്ന ശൈഖ് ഖലീഫ വിടവാങ്ങിയിട്ട് ഒരു വർഷം. 2022 മെയ് 13നായിരുന്നു യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റും അബുദാബി എമിറേറ്റിൻ്റെ 16-ആമത് ഭരണാധികാരിയുമായ ശൈഖ് ഖലീഫ തൻ്റെ 74ആം വയസ്സിൽ വിടവാങ്ങിയത്. ഒന്നാം അനുസ്മരണത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുളളത്.
യുഎഇയിയെ ലോകത്തിൻ്റെ മുൻ നിരയിലേക്ക് നയിച്ച ദീർഘ വീക്ഷണമുളള നേതാവെന്ന നിലയിലാണ് ശൈഖ് ഖലീഫയെ അനുസ്മരിക്കുക. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശ സമ്പ്രദായം ആവിഷ്കിച്ചതിലൂടെ യുഎഇ എന്ന രാജ്യത്തെ കെട്ടുറപ്പോടെ നിർത്തുന്നതിനും വികസനത്തിലേക്ക് നയിക്കുന്നതിനും ശൈഖ് ഖലീഫയ്ക്ക് കഴിഞ്ഞു. യുഎഇയില്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പ് സ്ഥാപിക്കുന്നതിനുള്ള ആദ്യപടിയായി ശൈഖ് ഖലീഫയുടെ ഈ നീക്കത്തെ കണക്കാക്കുന്നത്.
2004 മുതലാണ് ശൈഖ് ഖലീഫ യുഎഇ പ്രസിഡൻ്റായി ചുമതലയേറ്റത്. നേരത്തെ അബൂദാബി ഭരണാധികാരി എന്ന നിലയിലും യുഎഇ സായുധ സേന മേധാവിയെന്ന നിലയിലും നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നു. 2016 മുതൽ പക്ഷാഘാതത്തെ തുടർന്ന് പൊതു വേദികളിൽ അദ്ദേഹം സജീവമായിരുന്നില്ല. എങ്കിലും ഭരണകാര്യങ്ങളിൽ നിരന്തര ശ്രദ്ധ പുലർത്തിയിരുന്നു.
ശൈഖ് ഖലീഫയുടെ ഭരണത്തിന്‍ ത്വരിതഗതിയിലുള്ള വികസനത്തിനാണ് യുഎഇ സാക്ഷ്യം വഹിച്ചത്. പിതാവ് ശൈഖ് സായിദ് സ്ഥാപിച്ച പാത പിന്തുടരുക , രാജ്യത്തിൻ്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കു, അഭിവൃദ്ധിയിലേക്കും ആധുനികതയിലേക്കും കുതിക്കുക എന്നിവയായിരുന്നു അദ്ദേഹം പിന്തുടർന്നിരുന്ന നയങ്ങൾ.