ദുബായ് ഇക്കണോമിക് ലീഡർഷിപ്പ് പ്രോഗ്രാമിന് തുടക്കംകുറിച്ച് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായുടെ സുപ്രധാന മേഖലകളെ നയിക്കാൻ കഴിവുള്ള പുതിയ തലമുറയിലെ എമിറാത്തി പ്രതിഭകളെ സജ്ജമാക്കുന്നതിനായാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ലീഡർഷിപ്പ് ഡെവലപ്‌മെന്റിന്റെ (എംബിആർസിഎൽഡി) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ദുബായുടെ സാമ്പത്തിക വളർച്ച ഇരട്ടിയാക്കാനും ലോകത്തെ മികച്ച മൂന്ന് നഗരങ്ങളിൽ എമിറേറ്റിന്റെ സ്ഥാനം ഉയർത്താനും ലക്ഷ്യമിടുന്ന ദുബായുടെ സാമ്പത്തിക അജണ്ടയായ ഡി33ന് വേണ്ടി പ്രവർത്തിക്കുമ്പോൾ പുതിയ ആശയങ്ങൾ വികസിപ്പിച്ച് യുവ തലമുറയെ മുൻനിരയിലേയ്ക്ക് കൊണ്ടുവരാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സെപ്റ്റംബർ മുതൽ ഒക്‌ടോബർ വരെയുള്ള പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ലീഡർഷിപ്പ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനും സാധിക്കും.