എഐസിസി സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് സ്ഥാനാർഥി വന്നാൽ അയാൾക്കെതിരെ മത്സരിച്ചേക്കുമെന്ന് ശശി തരൂർ എംപി. ജി 23 സംഘത്തിന്റെ പ്രതിനിധിയായാണ് മത്സരിക്കുക. ഹൈക്കമാൻഡ് പ്രതിനിധിയുടെ ജയം ഉറപ്പാണെങ്കിലും കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ ഇത്തരമൊരു മത്സരം അനിവാര്യമാണെന്നാന് ജി 23 സംഘത്തിന്റെ വിലയിരുത്തൽ. തരൂരിന് സമ്മതമല്ലെങ്കിൽ മനീഷ് തിവാരി മത്സരിക്കണമെന്നാണ് ധാരണയായിരിക്കുന്നത്.
രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങും. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ല. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് പാർട്ടിയെ നേർവഴിക്കു നയിക്കുക എന്ന ജി 23 സംഘത്തിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്.
പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17നാണ് നടത്താൻ തീരുമാനം ആയിരിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമാണെങ്കിൽ നാമനിർദേശ പ്രതിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 8ന് തന്നെ വിജയിയെ പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണ് ജി 23 സംഘം നടത്തുന്നത്.