തീപിടിത്ത സാധ്യത ഇല്ലാതാക്കാൻ കെട്ടിടങ്ങൾക്ക് പുറത്തെ അലുമിനിയം പാനൽ നീക്കം ചെയ്യുമെന്ന് ഷാർജ ഭരണകൂടം. അലുമിനിയം പാനലിന് പകരം അഗ്നി പ്രതിരോധ ശേഷിയുള്ള മറ്റ് നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കാനാണ് നിർദേശം. ഇതുവഴി കെടിട്ടം കൂടുതൽ സുരക്ഷിതമാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പാർപ്പിട, വാണിജ്യ കെട്ടിടങ്ങളിൽ തീ പിടിക്കുമ്പോൾ വേഗത്തിൽ വ്യാപിക്കാൻ കാരണം അലുമിനിയം പാനലുകളാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കെട്ടിടങ്ങൾക്ക് പുറത്തെ പാനലുകൾ നീക്കം ചെയ്യുന്നതും പുതിയത് സ്ഥാപിക്കുന്നതും സർക്കാർ ചെലവിലായിരിക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയിലെ റിയൽ എസ്റ്റേറ്റേറ്റ് സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പാനൽ നീക്കം ചെയ്യുന്ന ജോലികൾ ഇതിനോടകംതന്നെ ആരംഭിച്ചിട്ടുണ്ട്. സർക്കാർ നേരിട്ട് നടത്തുന്ന ജോലികളായതിനാൽ താമസക്കാർക്കോ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കോ കെട്ടിട ഉടമകൾക്കോ ഇത് സംബന്ധിച്ച് ചെലവുണ്ടാകില്ല.
ആദ്യ ഘട്ടത്തിൽ ഉയരം കൂടിയ കെട്ടിടങ്ങളിലാണ് നിർമ്മാണം നടത്തുക. കെട്ടിടത്തിന്റെ വലിപ്പവും താമസക്കാരുടെ എണ്ണവും നോക്കിയാണ് അലുമിനിയം മാറ്റാനുള്ള പട്ടിക തയാറാക്കുന്നത്. പാനൽ ജോലികൾ തുടങ്ങുന്നതിന് മുൻപ് കെട്ടിടങ്ങൾക്ക് മുന്നിൽ അറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. കാൽനടയാത്രക്കാർക്ക് പ്രയാസം നേരിടാതിരിക്കാൻ കെട്ടിടങ്ങൾക്ക് മുന്നിൽ താൽക്കാലിക ഷെഡുകൾ നിർമ്മിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്.