ഷാർജ സർക്കാർ ‘ ഷാർജ സാറ്റ് 2‘ എന്ന പേരിൽ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാൻ കരാർ ഒപ്പിട്ടു. ഷാർജ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ ആൽഖാസിമിയുടെ സാന്നിധ്യത്തിലാണ് പുതിയ സാറ്റലൈറ്റ് നിർമിക്കാൻ കരാർ ഒപ്പിട്ടത്. ഷാർജ അക്കാമദി ഓഫ് ആസ്ട്രോണമി, സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, നഗരാസൂത്രണ വകുപ്പ്, സേവ, ഷാർജ നഗരസഭ എന്നിവ തമ്മിലാണ് കരാർ.
നഗരാസൂത്രണം മുതൽ രക്ഷാപ്രവർത്തനം വരെയുള്ള നടപടികൾ സുഗമമാക്കാൻ സഹായിക്കുന്നതാകും പുതിയ സാറ്റലൈറ്റെന്ന് അധികൃതർ പറഞ്ഞു. ഷാർജ സാറ്റ്-2 ഉപഗ്രഹം നൽകുന്ന കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കാനും ഭാവി പദ്ധതികൾ വികസിപ്പിക്കാനും ശാസ്ത്രീയ ഗവേഷണം നടത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിയും.
വിവിധ ശാസ്ത്ര, പാരിസ്ഥിതിക, നഗര തലങ്ങളിൽ വലിയ പ്രാധാന്യവും പ്രയോജനവുമുള്ള പദ്ധതികൾ നടപ്പാക്കാൻ ഷാർജ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ തമ്മിലുള്ള ഫലപ്രദമായ സഹകരണമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. 30 സെന്റിമീറ്റർ ഉയരവും, 20 സെന്റീമീറ്റർ വീതിയുമുള്ള പത്ത് സെന്റീമിറ്റർ നീളവുമുള്ള കുബിക് സാറ്റലൈറ്റാണ് നിർമിക്കുന്നത്. നഗരാസൂത്രണം കാര്യക്ഷമമാക്കാനും, ലാൻഡ് മാപ്പുകൾ തയാറാക്കാനും പുതിയ ഉപഗ്രഹം അധികൃതരെ സഹായിക്കും.