ചുട്ടുപൊളളുന്ന വെയിലിനിടയിലും കഠിനാധ്വാനം. രണ്ടുമാസം കൊണ്ട് ഷാര്‍ജയിലെ മലീഹ പ്രദേശത്തുളള മരുഭൂമി കൃഷിഭൂമിയായി മാറി. 400 ഹെക്ടര്‍ പ്രദേശം പച്ചപ്പണിഞ്ഞ ഗോതമ്പുപാടമായി മാറി. ഏകദേശം 500 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ളതാണ് ഫാം. കാര്‍ഷിക സാങ്കേതികവിദ്യയും വിപുലമായ ജലസേചന പദ്ധതിയും ഉപയോഗപ്പെടുത്തിയാണ് കൃഷി.
പ്രാദേശിക ഭക്ഷ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു മാസം മുമ്പാണ് മലീഹയില്‍ ഗോതമ്പ് കൃഷി ആരംഭിച്ചത്. പരന്നു കിടക്കുന്ന മരുഭൂമിയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് വിത്തിറക്കുമ്പോൾ ഇത്ര വലിയ വിപ്ലവമൊരുങ്ങുമെന്ന് വിചാരിച്ചില്ലെന്ന് ഗോതമ്പുപാടം കാണാതെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വെളിപ്പെടുത്തുന്നു.
13 കിലോമീറ്റര്‍ അകലെയുള്ള ഒരു റിസര്‍വോയറില്‍ നിന്നാണ് ഫാമിലേക്ക് വെളളമെത്തിക്കുന്നത്. ഒരു ദിവസം 60,000 ക്യുബിക് മീറ്റര്‍ വെള്ളം വരെ എത്തിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് വലിയ സക്ഷന്‍ പമ്പുകളും കണ്‍വെയര്‍ പൈപ്പുകളും വഴി വെള്ളം ഗോതമ്പ് പാടത്തേക്കെത്തിക്കും. ഒരു തുള്ളി വെളളം പോലും പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ജലസേചനം.
പാടത്തുനിന്ന് രണ്ട് മാസത്തിനകം വിളവെടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ അടുത്ത വര്‍ഷം 880 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കും. 2025ഓടെ 1,400 ഹെക്ടറില്‍ കൃഷിയിറക്കുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ എണ്‍പത് ശതമാനവും ഇറക്കുമതി ചെയ്യുന്ന യുഎഇ ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുകയും വന്‍തോതില്‍ നിക്ഷേപമിറക്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കാര്‍ഷിക ഫാമുകളും വയലുകളും വികസിപ്പിക്കണമെന്ന് ഫാം സന്ദര്‍ശിച്ച ശേഷം ഷാര്‍ജ ഭരണാധികാരി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കര്‍ഷകര്‍ക്ക് വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി പ്രയോജനപ്പെടുത്താമെന്നും ഭരണാധികാരി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ പ്രയത്നിക്കുന്ന എല്ലാവരെയും ഷാര്‍ജ ഭരണാധികാരി പ്രശംസിക്കുകയും ചെയ്തു.