അൽ ദൈദ് സർവകലാശാല സ്ഥാപിക്കുന്നതിനായി 2024 ലെ എമിരി ഡിക്രി നമ്പർ 15 ൽ ഒപ്പുവച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കാർഷിക കോളജായിരിക്കും ദൈദിൽ പുതിയ സർവകലാശാലയുടെ പ്രത്യേകത.
കൃഷി, പരിസ്ഥിതി, ഭക്ഷണം, കന്നുകാലികൾ എന്നിവയിൽ വൈദഗ്ധ്യമുള്ള അറബ് മേഖലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര സ്ഥാപനമായ അൽ ദൈദ് സർവകലാശാല പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഷാർജ ഭരണാധികാരി പറഞ്ഞു. ഗോതമ്പ് ഫാം, സബ സനബെൽ പദ്ധതി, പച്ചക്കറി കൃഷി, ഡയറി ഫാം, സീഡ് ബാങ്ക്, മറ്റ് സൗകര്യങ്ങൾ, കേന്ദ്രങ്ങൾ, ലബോറട്ടറികൾ, പ്രോജക്ടുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ ശാസ്ത്രീയ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി വിവിധ സൗകര്യങ്ങളും പദ്ധതികളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ.അയിഷ അഹമ്മദ് മുഹമ്മദ് അബു ശലൈബിയെ അൽ ദൈദ് സർവകലാശാലയുടെ ചാൻസലറായും ഡോ. മെലിസ ഫിറ്റ്‌സ്‌ജെറാൾഡിനെ ഡീൻ ആയും ഷെയ്ഖ് ഡോ. സുൽത്താൻ നിയമിച്ചു. കാർഷിക കോളജ് എട്ട് ഡിപാർട്ട്‌മെന്റുകൾ ഉൾക്കൊള്ളുന്നു. ഓരോന്നിനും മൂന്ന് കോഴ്‌സുകളാണുള്ളത്. ഓരോ കോഴ്‌സും പ്രത്യേക എൻജിനീയർമാരെ സൃഷ്ടിക്കും. നിലവിൽ ഷാർജയിലെ വിവിധ സർവകലാശാലകളിൽ ഒട്ടേറെ മലയാളികൾ വ്യത്യസ്ത തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്.