കൽബയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. പുതിയ മ്യൂസിയം, പാർക്ക്, നടപ്പാത തുടങ്ങിയ വിവിധ പദ്ധതികളാണ് കൽബയിൽ നടപ്പിലാക്കുക. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ആചാരങ്ങൾ, പാരമ്പര്യങ്ങൾ, നാടൻ പാട്ടുകൾ എന്നിവയുൾപ്പെടെ പൈതൃകത്തിൻ്റെ എല്ലാ വശങ്ങളും പ്രദർശിപ്പിക്കുന്ന പുതിയ മ്യൂസിയമാണ് കൽബയിൽ നിർമ്മിക്കുക. പ്രളയത്തിൽ തകർന്ന ഖോർ കൽബ കോട്ടയ്ക്ക് ചുറ്റുമുള്ള പാർക്കും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. അതോടൊപ്പം, കൽബയ്‌ക്കായി ഒരു പരിസ്ഥിതി, പുരാവസ്തു, പൈതൃക ടൂറിസം പരിപാടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പൂന്തോട്ടങ്ങളെ അൽ ഹെഫയ്യ തടാകവുമായി ബന്ധിപ്പിക്കുന്ന പാതയായ ‘കൽബ ഗേറ്റ്’ പദ്ധതി പൂർത്തീകരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പാതയ്ക്ക് ചുറ്റും റെയിലിംഗ് ഉള്ളതിനാൽ ഇവിടെയെത്തുന്നവർക്ക് പൂന്തോട്ടങ്ങളും തടാകവും കൽബ നഗരവും സുഗമമായി കാണാൻ സാധിക്കും.