ഷാർജയിലെ പ്രാർത്ഥനയ്ക്കുള്ള (അദാൻ) വിളിയിലെ മാറ്റങ്ങൾ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അധികൃതർ. ഷാർജ സർക്കാർ മീഡിയ ബ്യൂറോയാണ് ഇത് സംബന്ധിച്ച വാർത്തകൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് വ്യക്തമാക്കിയത്.
ഷാർജയിലെ പ്രാർത്ഥനയ്‌ക്കുള്ള ആഹ്വാനത്തിൽ ഒരു പുതിയ വാചകം ചേർക്കുന്നത് സംബന്ധിച്ച് ഇതുവരെ എമിറേറ്റിൽ തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. തെറ്റായ ഇത്തരം വാർത്തകൾ എമിറേറ്റ് ഉയർത്തിപ്പിടിക്കുന്ന മത തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് അധികൃതർ അറിയിച്ചത്.
പലതരത്തിലുള്ള അടിസ്ഥാന രഹിതമായ വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകളല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.