സുക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് ഓർമ്മപ്പെടുത്തുകയാണ് ഷാർജ പൊലീസ്. ‘നിങ്ങളുടെ സാധനങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തമാണ്’ എന്ന മുദ്രാവാക്യവുമായി ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി വാഹനമോടിക്കുന്നവർ വാഹന അലാറം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് നല്ലതാണെന്ന് ഷാർജ പൊലീസ് പറഞ്ഞു.
വാഹനങ്ങളിൽ ഉപേക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും. അതിനാൽ തന്നെ വാഹനമോടിക്കുന്നവരോട് അവരുടെ സാധനങ്ങളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് ഷാർജ പോലീസ് അഭ്യർത്ഥിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ കൂടുതൽ വർധിപ്പിക്കുക എന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന് അനുസൃതമായാണ് ഈ നീക്കമെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡിലെ സമഗ്ര പോലീസ് സ്റ്റേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ യൂസഫ് ഉബൈദ് ബിൻ ഹർമോൾ പറഞ്ഞു.