കഴിഞ്ഞ വർഷം ഭിന്നശേഷിക്കാർക്കായുള്ള സ്ലോട്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്‌തതിന് ഷാർജയിൽ 1,392 പേർക്ക് പിഴ ചുമത്തിയതായി ഷാർജ പോലീസ് അറിയിച്ചു. ഇവർ പ്രത്യേക ആവശ്യങ്ങളുള്ളവരുടെ അവകാശങ്ങൾ മനഃപൂർവം ലംഘിച്ചതായി ഷാർജ പോലീസിലെ ട്രാഫിക് ആൻഡ് ലൈസൻസിംഗ് സർവീസസ് സെന്റർ ഡയറക്ടർ കേണൽ മുഹമ്മദ് അലായ് അൽ നഖ്ബി പറഞ്ഞു.
‘ ആരോഗ്യമുള്ളവരാണെങ്കിലും ഇത്തരക്കാർ വളരെയധികം സ്വാർത്ഥരാണ്. അവർ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്നു. അവരുടെ കാറുകൾ അവർക്ക് വേണ്ടിയുള്ള സ്ലോട്ടുകളിൽ നിന്ന് വളരെ അകലെ പാർക്ക് ചെയ്യാൻ നിർബന്ധിതരാകുന്നു, ഇത് അവർക്ക് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാക്കുന്നു’ ഷാർജ പോലീസ് പറഞ്ഞു.
പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെന്ന് ആരോപിച്ച് ഡ്രൈവർമാർ ആവർത്തിച്ച് ഈ കുറ്റം ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു. മാത്രമല്ല രാത്രിയിൽ ഈ സ്ലോട്ടുകളിൽ വന്ന് കാറുകൾ പാർക്ക് ചെയ്‌ത് രാവിലെ നേരത്തെ വന്ന് മാറ്റാമെന്ന് കരുതിപോകുന്നവരും വിരളമല്ല.
ഇത്തരത്തിൽ ആളുകളുടെ ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികൾ തടയുന്നതിന് വേണ്ടി നിയമലംഘനങ്ങൾ പരിശോധിക്കുന്നതിന് പോലീസ് രാപ്പകൽ പട്രോളിംഗ് നടത്തുന്നത് ഇവർ ശ്രദ്ധിക്കുന്നില്ലെന്നും ഷാർജ പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സോണുകളിൽ കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള പിഴ 1,000 ദിർഹമാണ്. ഒരാൾക്ക് ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും നൽകും.