വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് പുതിയ ക്യാംമ്പയിനുമായി ഷാർജ പൊലീസ്. മൂന്നുമാസം നീണ്ടുനിൽക്കുന്ന ‘റിന്യൂ യുവർ വെഹിക്കിൾ ക്യാമ്പയിൻ ആരംഭിച്ചതായി ഷാർജ പോലീസ് അധികൃതർ അറിയിച്ചു. കൂടാതെ കൃത്യസമയത്ത് വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. മോട്ടോർ ഇൻഷുറൻസ്, പുതുക്കൽ, വാഹന പരിശോധന എന്നിവയ്ക്കായി പ്രത്യേക ഓഫറുകൾ ഉൾപ്പെടുന്ന ഒരു സമഗ്ര പാക്കേജും ഷാർജ പോലീസ് അവതരിപ്പിക്കും.
അതേസമയം കൃത്യസമയത്ത് വാഹനം പുതുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായായിരിക്കും ബോധവത്കരണ ക്യാമ്പയിൻ നടത്തുക. മീഡിയ പ്രോഗ്രാമുകൾ, വിഷ്വൽ മെറ്റീരിയലുകൾ, പങ്കെടുക്കുന്നവർക്കുള്ള സമ്മാനങ്ങള്‍ എന്നിവയുൾപ്പെടെ അവബോധം വളർത്തുന്ന സംരംഭങ്ങളും മറ്റു പരിപാടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിലും ഷാർജ പൊലീസ് സമാനമായ ക്യാംമ്പയിനുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഈ വർഷം ഒന്നിലേറെ പരിശോധനാ കേന്ദ്രങ്ങൾക്കൊപ്പം പൊതുജനങ്ങൾക്ക് ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകുന്നതിൽ വിവിധ കമ്മ്യൂണിറ്റി സ്റ്റേക്ക് ഹോൾഡർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായും ഷാർജ വെഹിക്കിൾ ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ട്രാഫിക് പിഴകൾ വലിയ തോതിൽ കൂടിയിട്ടുള്ളതിനാൽ വാഹന പുതുക്കൽ സമയത്ത് തന്നെ ഇവ അടയ്ക്കാൻ അവസരം ലഭിക്കും. കൂടാതെ പ്രശ്ന പരിഹാരത്തിനായി തുടർച്ചയായി ഫീൽഡ് പരിശോധനകൾ നടത്തുകയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ തത്സമയ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. റോഡുകളിൽ സ്ഥാപിക്കുന്ന ബിൽ ബോർഡുകളും ഫീൽഡ് പരിശോധനകളും വാഹന ഉടമകൾക്ക് അവരുടെ വാഹനങ്ങൾ പുതുക്കുന്നതിനുള്ള ഓർമപ്പെടുത്തലുകളായിരിക്കുമെന്നും ഷാർജ പോലീസ് അറിയിച്ചു.