പ്രകൃതിദത്ത പാൽ ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ ഷാർജ മലീഹ ഡയറി ഫാമിൻ്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. ഷാർജ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. മലീഹയിലെ കൂറ്റൻ ഗോതമ്പ് ഫാമിന് സമീപം പശു വളർത്തൽ, കോഴി വളർത്തൽ പദ്ധതികൾ വരുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് ഡയറി ഫാമിന്റെ രൂപീകരണം.
ശുദ്ധമായ പാൽ അതേപടി നൽകാൻ ആണ് മലീഹ ഡയറി ഫാമിന്റെ ലക്ഷ്യം. മലീഹ ഏരിയയിലെ ഗോതമ്പ് ഫാമിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്റർ അകലെയാണ് ഈ സൗകര്യമുള്ളത്. 1,000 പശുക്കളുമായാണ് പദ്ധതി ആരംഭിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഡയറി ഫാമിലേക്ക് പശുക്കൂട്ടത്തെ എത്തിച്ചിരുന്നു. ഈ ജൂണിൽ ഉൽപ്പാദനം ആരംഭിക്കാനിരിക്കുന്ന ഈ ഫാം ഉയർന്ന നിലവാരമുള്ള പാൽ ഉൽപ്പാദിപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന ഉറപ്പ്.