ഷാർജയിൽ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സർവീസിന്റെ ആദ്യഘട്ടം ആരംഭിച്ചു. തുടക്കത്തിൽ 3 റൂട്ടുകളിലായി 10 ഇലക്ട്രിക് ബസുകളാണ് പ്രവർത്തനം ആരംഭിച്ചത്. 9 മീറ്റർ വരെ നീളമുള്ള ബസിൽ 41 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക.
ദുബായ്, അജ്മാൻ, അൽഹംറിയ സിറ്റി എന്നിവിടങ്ങളിലേക്കാണ് തുടക്കത്തിൽ ഇ-ബസുകൾ സർവീസ് നടത്തുന്നതെന്ന് ഷാർജ ആർടിഎ അതോറിറ്റി മേധാവി യൂസഫ് ഖമീസ് അൽ ഒത്മാനി വ്യക്തമാക്കി. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് ബസിനുള്ളിലെ താപനില ക്രമീകരിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
യുഎഇയുടെ കാർബൺ രഹിത പദ്ധതിയായ നെറ്റ് സീറോ 2050-ന്റെ ഭാഗമായാണ് പദ്ധതി. യാത്രക്കാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റൂട്ടുകൾ തിരഞ്ഞെടുത്തത്. വരും കാലങ്ങളിൽ കൂടുതൽ മേഖലകളിലേയ്ക്ക് ഇ-ബസുകൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.