ലോക ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് യുഎഇയിലെ ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ട്. 250 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ആദ്യത്തെ വേദിയായി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം കഴിഞ്ഞ ദിവസം മാറിയിരുന്നു. അതിനുപിന്നാലെ 300 അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന ആദ്യ ക്രിക്കറ്റ് വേദി എന്ന റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ഇപ്പോൾ ഷാർജ.
ക്രിക്കറ്റിന്റെ എല്ലാ ഫോമുകളിലുമായി 299 അന്താരാഷ്ട്ര മത്സരങ്ങൾക്കാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഇതുവരെ അതിഥ്യം വഹിച്ചത്. ഒക്ടോബറിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് കൂടി വേദിയാകുന്നതോടെ 300 അന്താരാഷ്ട്ര മത്സരങ്ങൾ എന്ന റെക്കോർഡ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സ്വന്തമാക്കും. സെപ്റ്റംബര്‍ 18ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മാച്ചിന് ആതിഥ്യമരുളിയതോടെയാണ് 250 ഏകദിന മത്സരങ്ങൾ എന്ന നാഴികക്കല്ല് ഷാർജ പിന്നിട്ടത്.
സുരക്ഷയും സ്റ്റേഡിയത്തിലെ സൗകര്യങ്ങളും ഭരണകൂടത്തിന്റെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെയും (ഐസിസി) പിന്തുണയുമാണ് കൂടുതല്‍ മല്‍സരങ്ങള്‍ക്ക് വേദിയാവുന്നതിന് ഷാർജയ്ക്ക് സഹായകമായത്. ഏകദിന ക്രിക്കറ്റിന്റെ 53 വര്‍ഷത്തെ ചരിത്രത്തില്‍ 200ലധികം ഗെയിമുകള്‍ കളിച്ച ഒരേയൊരു വേദി കൂടിയാണിത് ഷാര്‍ജ. സിംബാബ്‌വെയിലെ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1984 ഏപ്രില്‍ 6-ന് ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരമായിരുന്നു സ്റ്റേഡിയത്തിലെ ആദ്യ ഏകദിനം.
ഇന്ത്യന്‍ ആരാധകര്‍ക്ക് എന്നും ഓര്‍മ്മിക്കാവുന്ന ക്രിക്കറ്റ് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച വേദി കൂടിയാണ് ഷാർജ. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സുകളിലൊന്ന് ഇവിടെ വെച്ചായിരുന്നു സ്വന്തമാക്കിയത്. 1998-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ‘ഡെസേര്‍ട്ട് സ്റ്റോം’ എന്ന പേരില്‍ അറിയപ്പെടുന്ന സച്ചിന്റെ ഇന്നിങ്‌സിനായിരുന്നു ഷാര്‍ജ സാക്ഷ്യം വഹിച്ചത്.