ഷാർജയിൽ പൊതുസ്ഥലത്ത് കടുവയെ കണ്ടതായി വാർത്തകൾ പ്രചരിക്കുന്നതിനിടെ അവ നിഷേധിച്ച് അധികൃതർ. ഷാർജയിലെ എൻവയോൺമെൻ്റ് ആന്റ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ചത്.
ഇന്നാണ് ഷാർജയിൽ കടുവയെ കണ്ടെന്ന വിധത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. ഇതോടെ ഈ വാർത്തകൾ വ്യാജമാണെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കുകയായിരുന്നു. 2021ലാണ് യുഎഇയിൽ അവസാനമായി ഒരു വന്യമൃഗം അഴിഞ്ഞുനടന്നതായി സ്ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു.
യുഎഇയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. കുറ്റവാളികൾക്ക് ഒന്ന് മുതൽ രണ്ട് വർഷം വരെ തടവും 1,00,000 ദിർഹം മുതൽ 2,00,000 ദിർഹം വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.