പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ബസ് യാത്ര സുഗമമാക്കുന്നതിന് വേണ്ടി ഷാർജയിലെ ചൈൽഡ് സേഫ്റ്റി ഡിപാർട്ട്മെന്റ് (സി.എസ്.ഡി) സുരക്ഷാ ശില്പശാല സംഘടിപ്പിച്ചു. ‘സ്കൂൾ ബസ് സേഫ്റ്റി ഗോൾഡൻ റൂൾസ്’ എന്ന പേരിൽ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ വച്ചാണ് ശില്പശാല നടന്നത്. ഷാർജയിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള 1,200ഓളം ബസ് ഡ്രൈവർമാരും സൂപ്പർവൈസർമാരും ശില്പശാലയിൽ പങ്കെടുത്തു.
ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, എമിറേറ്റ്സ് ട്രാൻസ്പോർട്ട് എന്നിവയുടെ പ്രതിനിധികൾ സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ചുള്ള പ്രത്യേക പരിശീലനവും മാർഗ നിർദേശവും നൽകി. കൂടാതെ ട്രാഫിക് നിയമങ്ങൾ പാലിക്കുക, വേഗപരിധി പാലിക്കുക, അപകടമോ തീപിടിത്തമോ ഉണ്ടാകുമ്പോൾ ശരിയായ മാർഗങ്ങളും നടപടിക്രമങ്ങളും പാലിക്കുക എന്നിങ്ങനെയുള്ള നിർണായക സുരക്ഷാ വശങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു.
സിഎസ്ഡിയുടെ സമഗ്രമായ വാർഷിക പ്രചാരണ കാമ്പയിനായ ‘അവരുടെ സുരക്ഷ ആദ്യം’ എന്നതിന്റെ തുടർച്ചയാണ് ഈ ക്യാമ്പയിൻ. അടിയന്തര ഘട്ടങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഹോട്ട്ലൈൻ നമ്പർ 800700 ൽ വിവരം അറിയിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.