ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനെ ആദരിച്ച് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാൻഡിന് തിങ്കളാഴ്ച പ്രത്യേക ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡ് എന്ന് പുനർനാമകരണം ചെയ്തു. സച്ചിൻ്റെ അമ്പതാം ജന്മദിനവുമായി ബന്ധപ്പെട്ടാണ് ആദരം.
1998-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ തിങ്ങിനിറഞ്ഞ ഷാർജ സ്റ്റേഡിയത്തിൽ അദ്ദേഹം നേടിയ സെഞ്ചുറികളുടെ 25-ആം വാർഷികം കൂടിയാണിത്. ഇന്ത്യയും ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ത്രികോണ പരമ്പരയായ കൊക്കകോള കപ്പിൻ്റെ ഫൈനലിലടക്കം അദ്ദേഹം നേടിയ സെഞ്ച്വറികളെ മരുഭൂമിയിലെ കൊടുങ്കാറ്റായാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. 134, 143 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിൻ്റെ സ്കോർ. ആകെ ഏഴ് സെഞ്ച്വറികളാണ് ഷാർജ സ്റ്റേഡിയത്തിൽനിന്നുമാത്രം സച്ചിൻ കരിയറിൽ ചേർത്തത്.
അതേസമയം ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് സച്ചിൻ പ്രതികരിച്ചു. മറ്റ് പരിപാടികളുമായി തിരക്കായതുകൊണ്ടാണ് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും സച്ചിൻ പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും കളിയെ സ്നേഹിക്കുന്നവർക്കും ഷാർജ ഒരു പ്രത്യേക വേദിയാണെന്നും ഷാർജയിൽ കളിക്കുന്നത് എപ്പോഴും ഗംഭീരമായ അനുഭവമാണെന്നും സച്ചിൻ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ ഏകദിനങ്ങൾ (244) നടന്ന സ്റ്റേഡിയമെന്ന ഗിന്നസ് റെക്കോർഡ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ പേരിലാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിരവധി മൂഹർത്തങ്ങളും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായിട്ടുണ്ട്.