ഷാര്‍ജയില്‍ വെളളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ഉത്തരവ്. എമിറേറ്റ്സിലെ ഹോട്ടലുകളിലും മറ്റും താത്കാലികമായി താമസിക്കുന്ന ഓരോ കുടുംബത്തിനും അമ്പതിനായിരം ദിര്‍ഹം വീതം നല്‍കാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടത്.
ധനസഹായം ലഭ്യമാകുന്ന 65 കുടുംബങ്ങൾക്ക് ഇതോടെ താമസകേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങാന്‍ സൗകര്യം ഒരുങ്ങും. ഷാര്‍ജയിലെ ടിവിയിലും റേഡിയോയിലും സംപ്രേഷണം ചെയ്യുന്ന ഡയറക്ട് ലൈന്‍ പ്രോഗ്രാമില്‍ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മർറിയാണ് ഇക്കാര്യം അറിയിച്ചത്.
ഷാര്‍ജയുൾപ്പടെ യുഎഇയിലെ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ മഴയിലും വെളളപ്പൊക്കത്തിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഫുജൈറ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽഖുവൈൻ, എന്നിവിടങ്ങളിലുണ്ടായ പ്രളയത്തില്‍ ഏഴ് മരണങ്ങളും വന്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടകളും വീടുകളും വാഹനങ്ങളും വെളളപ്പൊക്കത്തില്‍ നാമാവശേഷമായി. നാശനഷ്ടങ്ങൾ സംബന്ധിച്ച് ഔദ്യോഗിക കണക്കെടുപ്പുകളും ഇന്‍ഷുറന്‍സ് നടപടികളും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഷാര്‍ജ സുല്‍ത്താന്റെ ധനസഹായ പ്രഖ്യാപനം.