യുഎഇ പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ തന്റെ മുന്‍ഗാമികളെ അനുസ്മരിച്ചപ്പോൾ ഖണ്്ഠമിടറി. മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നെഹ്യാന്‍ യുഎഇയുടെ വികസനത്തില്‍ വഹിച്ച പങ്ക് ചെറിയ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ തന്നെ അദ്ദേഹം അനുസ്മരിച്ചു. ശൈഖ് ഖലീഫയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയ എല്ലാ ലോകനേതാക്കള്‍ക്കും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നന്ദിയും രേഖപ്പെടുത്തി.
യുഎഇയുടെ മുന്‍ പ്രസിഡന്റും ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നെഹ്യാന്‍ കഴിഞ്ഞ മേയ് 13നാണ് മരണമടഞ്ഞത്. തുടര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ചുമതല ഏറ്റെടുക്കുകയായിരുന്നു. ശൈഖ് ഖലീഫയുടെ വിയോഗത്തിന് രണ്ടുമാസം പൂര്‍ത്തിയാകുന്ന ദിവസമാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതും പൂര്‍വ്വികരെ അനുസ്മരിക്കുന്നതും.
മുന്‍ഗാമികളുടെ കാഴ്ചപ്പാടുകൾ പൂര്‍ണമാക്കുകയെന്നത് യുഎഇയുടെ നയസമീപനങ്ങളുടെ ഭാഗമാണ്. അതേ പൈതൃകവും പാരമ്പര്യവും തന്നിലൂടെ തുടരുമെന്ന ഉറപ്പാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റേയും വാക്കുകളില്‍ പ്രകടമായത്.