ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് സിറ്റിംഗ് എംഎല്‍എമാര്‍ പരസ്പരം മത്സരിച്ച വടകര മണ്ഡലത്തിൽ വിജയം ഷാഫി പറമ്പിലിനൊപ്പം. തെരഞ്ഞെടുപ്പ് പ്രചരണരംഗത്തുതന്നെ ശക്തമായ വെല്ലുവിളി ഉയർന്ന വടകരയിൽ ഇടതുപക്ഷത്തിൻ്റെ ശൈലജ ടീച്ചർക്കെതിരേയാണ് ഷാഫിയുടെ മുന്നേറ്റം. ഒരുലക്ഷത്തിലധികം വോട്ടിൻ്റെ ലീഡിലാണ് ഷാഫിയുടെ മിന്നുംവിജയം.
അതേസമയം സംസ്ഥാനത്താകെ യു ഡി എഫിന് അനുകൂലമായ ട്രെന്‍ൻ്റാണ് ഉള്ളതെന്ന പ്രതികരണവുമായി കെ കെ ശൈലജ രംഗത്തെത്തി.അതിൻ്റെ പ്രതിഫലനമാണ് വടകരയിലും കണ്ടത്. 2019 ലേതിന് സമാനമായ സാഹചര്യമാണ് ഇക്കുറിയും പ്രകടമായതെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു.
സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. സിറ്റിംഗ് എം.പിയായ കെ.മുരളീധരനെ മാറ്റി യുവനേതാവായ ഷാഫി പറമ്പിലിനെ കോണ്‍ഗ്രസ് നിയോഗിക്കുകയായിരുന്നു. യു.ഡി.എഫ് കോട്ടയായ വടകര ഇക്കുറി പിടിച്ചെടുക്കാനാണ് ഇടതുപക്ഷം ശൈലജ ടീച്ചറെ കളത്തിലിറക്കിയതെങ്കിലും നേട്ടമുണ്ടാക്കാനായില്ല.