വൈദ്യുതി വിതരണം, ജലശുദ്ധീകരണം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിശീലനം നൽകാനൊരുങ്ങി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആന്റ് ഗ്യാസ് അതോറിറ്റി (സേവ). പുതിയ പദ്ധതികളിൽ സാങ്കേതിക പരിജ്ഞാനം ലഭിക്കുന്നതിനായി തിരഞ്ഞെടുത്ത 114 വിദ്യാർത്ഥികൾക്കാണ് സേവ പരിശീലനം നൽകുന്നത്. ഷാർജ യൂനിവേഴ്സിറ്റി, എമിറേറ്റ്സ് യൂനിവേഴ്സിറ്റി, അമേരിക്കൻ യൂനിവേഴ്സിറ്റി, വിവിധ ഉന്നത സാങ്കേതിക കോളേജുകൾ എന്നിവിടങ്ങളിൽ നിന്നാണ് 114 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.
വിവിധ വകുപ്പുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ തുടർച്ചയായ ഇടപെടൽ വളർത്തിയെടുക്കുന്നതിനൊപ്പം തൊഴിൽ മേഖലയിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ അറിവ് നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പരിശീലനത്തിന് ശേഷം ഇവരിൽ 72 പേരെ ഷാർജ നഗരത്തിലേക്കും 28 പേരെ ഖോർഫക്കാനിലേക്കും 14 പേരെ കൽബയിലേക്കും നിയോഗിക്കുകയും ചെയ്യും.