സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും ഇന്ന് വർധിക്കുകയാണ്. ഇത്തരക്കാർക്കുള്ള ഒരു മുന്നറിയിപ്പാണ് അധികൃതർ ഇപ്പോൾ നൽകുന്നത്. യുഎഇയിൽ നിരോധിച്ചിരിക്കുന്ന ഏഴ് തരം കണ്ടൻ്റുകൾ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്താൽ കനത്ത പിഴയും തടവുമാണ് ശിക്ഷയായി ലഭിക്കുക.
നിരോധിച്ച കണ്ടന്റുകൾ ഉൾപ്പെടുന്ന വാർത്തകളോ വിവരങ്ങളോ പങ്കുവെച്ചാൽ 5 ലക്ഷം ദിർഹം പിഴയും 5 വർഷം തടവുമാണ് ശിക്ഷ ലഭിക്കുകയെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഏഴ് കണ്ടന്റുകൾ ഇവയാണ്.
• യുഎഇ പ്രസിഡന്റിനെയോ എമിറേറ്റ്സ് ഭരണാധികാരികളെയോ രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ വിമർശിക്കുകയോ ആക്രമിക്കുകയോ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുകയോ ചെയ്യുക.
• രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്ന നിലയിൽ കിംവദന്തികൾ പ്രചരിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പങ്കുവെക്കുകയോ ചെയ്യുക.
• പൊതു ധാർമ്മികത ലംഘിക്കുന്നതോ പ്രായപൂർത്തിയാകാത്തവരെ അപമാനിക്കുന്നതോ വിനാശകരമായ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ ആയ സന്ദേശം പങ്കിടുക
• രാജ്യത്തെ കോടതികളുടെയോ റെഗുലേറ്ററി ബോഡികളുടെയോ ചർച്ചകൾ, തീരുമാനങ്ങൾ തുടങ്ങിയവ വളച്ചൊടിക്കുക
• തെറ്റായ വാർത്തകൾ, വ്യാജമോ കെട്ടിച്ചമച്ചതോ ആയ രേഖകൾ, വ്യാജ ആരോപണങ്ങൾ എന്നിവ ബോധപൂർവ്വം പ്രചരിപ്പിക്കുക.
• ഒരു പൊതു ഉദ്യോഗസ്ഥൻ്റെയോ ഒരു പൊതു പ്രതിനിധി സ്ഥാനത്തുള്ള വ്യക്തിയുടെയോ പ്രവർത്തനങ്ങളെ വിമർശിക്കുക
• രാജ്യത്തിന്റെ പ്രശസ്തി, അന്തസ് അല്ലെങ്കിൽ പദവി എന്നിവയെ പരിഹസിക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യുക