പ്രവാസികൾക്ക് രണ്ടാം ശമ്പള പദ്ധതിയുമായി യുഎഇ. യുഎഇയിലെ നിക്ഷേപ പദ്ധതിയായ നാഷണൽ ബോണ്ട്സാണ് പ്രവാസികൾക്ക് രണ്ടാം ശമ്പളം എന്ന പേരിൽ സമ്പാദ്യ, വരുമാന പദ്ധതി അവതരിപ്പിച്ചത്. കുറഞ്ഞത് മൂന്ന് വർഷം നിക്ഷേപം നടത്തുകയും പിന്നീട് നിക്ഷേപ തുകയും ലാഭവും പ്രതിമാസം തിരിച്ച് നൽകുകയും ചെയ്യുന്നതാണ് പദ്ധതി.
കുറഞ്ഞത് ആയിരം ദിർഹം വീതം മാസതവണായി അടയ്ക്കണം. മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ നിക്ഷേപത്തിൻ്റെ കാലാവധി തെരഞ്ഞെടുക്കാനും അവസരമുണ്ട്. മൂന്ന് വർഷം നിക്ഷേപിക്കുന്ന തുക അടുത്ത മൂന്ന് വർഷം എല്ലാ മാസവും നിക്ഷേപത്തിൻ്റെ ലാഭ വിഹിതമടക്കം മടക്കി ലഭിക്കുന്ന വിധമാണ് പദ്ധതിയെന്നും നാഷണൽ ബോണ്ട്സ് അധികൃതർ വ്യക്തമാക്കി.
പ്രതിമാസം വരുമാനം ലഭിച്ച് തുടങ്ങേണ്ട കാലവും നിശ്ചയിക്കാൻ നിക്ഷേപകർക്ക് അവസരമുണ്ട്. പ്രവാസികൾക്കും യുഎഇ സ്വദേശികൾക്കും പദ്ധതിയുടെ ഭാഗമാകാം. റിട്ടയർമെൻ്റ് വരുമാനപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് നാഷണൽ ബോണ്ട് പുതിയ പദ്ധതി പുറത്തിറക്കിയത്.