ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ മറൈൻ തീം പാർക്കിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അബുദാബി സീ വേൾഡ്. കടലാഴങ്ങളിലെ അത്ഭുത കാഴ്‌ചകളിലേക്കാണ് പാർക്ക് സന്ദർശകരെ കൊണ്ടുപോകുന്നത്. സമാനതകളില്ലാത്ത കടൽക്കാഴ്ചകൾ കാണാൻ സന്ദർശകർക്ക് അവസരം ഒരുക്കുന്നതോടൊപ്പം അവരിൽ സമുദ്ര സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള നിരവധി പ്രവർത്തനങ്ങളും ഇവിടെ നടത്തിവരുന്നുണ്ട്.
ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരിൽ നിന്ന് മിറാൽ ഗ്രൂപ്പ് സിഇഒ മുഹമ്മദ് അബ്ദുല്ല അൽ സഅബി അംഗീകാരം ഏറ്റുവാങ്ങി. യാസ് ദ്വീപിലെ മനുഷ്യനിർമ്മിത കടലായാണ് സീ വേൾഡിനെ വിശേഷിപ്പിക്കുന്നത്. 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ അഞ്ച് നിലകളിലായി വ്യാപിച്ചുകിടക്കുന്ന പാർക്ക് കഴിഞ്ഞ മേയിലാണ് പ്രവർത്തനം ആരംഭിച്ചത്. സീ വേൾഡിന്റെ മികവുറ്റ പ്രവർത്തനത്താൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുൻപ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കാൻ സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
35-ലേറെ റൈഡുകൾ, വിവിധ പരിപാടികൾ, ഷോപ്പിങ്ങിനും ഇഷ്ട ഭക്ഷണം ആസ്വദിക്കുന്നതിനുള്ള അവസരം എന്നിവയെല്ലാം സീ വേൾഡ് സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ദിവസേന നിരവധി പേരാണ് കടലിനടിയിലെ മാന്ത്രിക ലോകം കാണാൻ ഇവിടെയെത്തുന്നത്. വരും വർഷങ്ങളിൽ കൂടുതൽ മികവുറ്റ പ്രവർത്തനങ്ങളുമായി സീ വേൾഡ് മുന്നിട്ടുനിൽക്കുമെന്നാണ് സന്ദർശകരുടെ പ്രതീക്ഷ.