ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കായ ‘സീ വേൾഡ് അബുദാബി’ മേയ് 23ന് തുറക്കും. വെള്ളച്ചാട്ടം, റോളർകോസ്റ്റർ റൈഡ്, വെള്ളത്തിനടിയിലെ ഷോപ്പിംഗ് തുടങ്ങിയ എട്ട് പ്രമേയങ്ങളിലാണ് കരയിലെ ഈ കടൽ കൊട്ടാരം പണിതുയർത്തിയിരിക്കുന്നത്.
2.5 കോടി ലിറ്റർ ജലം നിറച്ച സീ വേൾഡിൽ വിവിധ ഇനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനത്തിൽപ്പെട്ട 68,000ത്തിലേറെ സമുദ്ര ജീവികൾ തനത് ആവാസ വ്യവസ്ഥയിൽ വസിക്കും. തീം പാർക്കുകളുടെ ദ്വീപായ യാസ് ഐലൻഡിലെ മറൈൻ പാർക്കിൽ മൊത്തം ഒരു ലക്ഷത്തിലേറെ കടൽജീവികളുണ്ട്.
ഭൂമിയും സമുദ്രവും തമ്മിലുള്ള ബന്ധം അറിയാൻ 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്ററിലാണ് പാർക്ക് തയാറാക്കിയിരിക്കുന്നത്. പടുകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ എന്നിവ ഉൾപ്പെടുന്ന സ്വാഭാവിക കടൽക്കാഴ്ചകൾ സന്ദർശകർക്ക് പുതിയ അനുഭവമായിരിക്കും. മറൈൻ ലൈഫ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, മേഖലയിലെ ആദ്യ സമർപ്പിത സമുദ്ര ഗവേഷണം, രക്ഷാപ്രവർത്തനം, പുനരധിവാസം, തിരിച്ചയയ്ക്കൽ കേന്ദ്രം എന്നിവയും ഇതോടനുബന്ധിച്ച് സജ്ജമാണ്.
പല തട്ടുകളിലെ കാഴ്ചകൾ ഒരേസമയം ആസ്വദിക്കാവുന്ന 20 മീറ്റർ ഉയരത്തിലുള്ള എൻഡ്‌ലസ് വിസ്റ്റയാണ് പ്രധാന ആകർഷണം. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനായി പുനരധിവാസ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
The region’s first Marine Life Theme Park is home to 8 fascinating realms. The One Ocean realm is your portal to an awe-inspiring journey of exploration, discovery and learning!#SeaWorldAD pic.twitter.com/VUqZcLRHIs
— SeaWorld Yas Island, Abu Dhabi (@SeaWorldAD) March 21, 2023
ലോക സമുദ്രവിജ്ഞാനത്തിൽ പുതിയൊരു അധ്യായമായിരിക്കും സീവേൾഡ് അബുദാബിയെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് അറിയിച്ചു. കടൽ ജീവികളെ അവയുടെ ആവാസ വ്യവസ്ഥിതിയിൽ സംരക്ഷിക്കുന്ന മാതൃകാ പദ്ധതിയാണിതെന്ന് ചെയർമാൻ സ്കോട് റോസ് വ്യക്തമാക്കി. ഓരോ ഇനം മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കാൻ മുൻനിര മൃഗസംരക്ഷണ വിദഗ്ധരും ശാസ്ത്രജ്ഞരും എൻജീനിയരും അടങ്ങുന്ന വൻ സംഘമാണ് പ്രവർത്തിക്കുന്നത്.
മൈക്രോ ഓഷ്യൻ, എൻഡ്‌ലെസ് ഓഷ്യൻ, ട്രോപ്പിക്കൽ ഓഷ്യൻ, റോക്കി പോയിന്റ് എന്നിവ ആഴക്കടലിലെ വിസ്മയങ്ങളിലേക്കും സാഹസികതയിലേക്കും സന്ദർശകരെ പരിചയപ്പെടുത്തും. സമുദ്ര ജീവികളുമായി അടുത്തിടപഴകാനുള്ള അവസരവുമുണ്ട്. സുസ്ഥിരത വർഷമായ 2023ൽ മറൈൻ ലൈഫ് പാർക്ക് തുറക്കുന്നതിൽ അഭിമാനമുണ്ടെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് അറിയിച്ചു. പൈതൃകവും പ്രകൃതിയും തനിമയോടെ സംരക്ഷിക്കാൻ പഠിപ്പിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻ്റെ പാതയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയം, അമേരിക്കൻ ഹ്യൂമൻ എന്നിവയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി രൂപകൽപന ചെയ്തിരിക്കുന്ന പാർക്കിൽ കടലിലെ രാത്രിയും പകലും നവീന ലൈറ്റിങ് സംവിധാനത്തിലാണ് പുനസൃഷ്ടിച്ചിരിക്കുന്നത്. ജലത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്ന അനിമൽ ലൈഫ് സപ്പോർട്ട് സിസ്റ്റവും (എഎൽഎസ്എസ്) സജ്ജമാണ്.
ഭൂമിയിലെ ജീവജാലങ്ങളും സമുദ്രവും തമ്മിലുള്ള പരസ്പര ബന്ധത്തെ അടിസ്ഥാനപ്പെടുത്തി ഉഷ്ണമേഖലാ പ്രദേശങ്ങൾ, വടക്ക് പടിഞ്ഞാറൻ പസഫിക് തീരങ്ങൾ, അറേബ്യൻ ഗൾഫ് തുടങ്ങി വിവിധ മേഖലകളാക്കി തിരിച്ച മറൈൻ പാർക്ക് മുഴുവനും അനുഭവിച്ചറിയാൻ വൺ ഓഷ്യൻ സ്റ്റോറിയിലൂടെ സാധിക്കും.
അബുദാബി ഓഷ്യൻ മേഖലയിൽ നിന്നായിരിക്കും അതിഥികൾ യാത്ര തുടങ്ങുക. തുടർന്ന് അറേബ്യൻ ഗൾഫിന്റെ ആഴം കുറഞ്ഞ തീരങ്ങളിലേക്ക് പോകും. ഇതിനിടെ പുരാതന കാലത്ത് യുഎഇയുടെ പ്രധാന ജീവിത മാർഗമായിരുന്ന മത്സ്യബന്ധനവും മുത്തുവാരലും വിപണനവുമെല്ലാം അടുത്തറിയാനും അവസരമുണ്ട്. പ്രദേശത്തെ കടൽ ജീവികളുമായി അടുത്തിടപഴകാനും അറേബ്യൻ രുചികൾ ആസ്വദിക്കാവുന്ന ഡൈനിങും ഇവിടെ സൌകര്യം ഒരുക്കിയിട്ടുണ്ട്.
അൻ്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പ്രദേശത്തുനിന്ന് ആർട്ടിക്കിലെ ജൈവ വൈവിധ്യത്തിലേക്കുള്ള യാത്രയും വിസ്മയിപ്പിക്കുന്നതായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് അക്വേറിയം, നിരീക്ഷണ ഡെക്കുകൾ, 20 മീറ്റർ വ്യൂവിംഗ് വിൻഡോ, കടൽ ഗുഹ, എൻഡ്‌ലെസ് വിസ്റ്റ എന്നിവയെല്ലാം കാഴ്ചക്കാരനെ അത്ഭുതപരതന്ത്രരാക്കും.