എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയെ തേൾ കുത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിച്ച് വിമാന കമ്പനി. കഴിഞ്ഞ ഏപ്രിൽ 23 ന് നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത യുവതിയെയാണ് വിമാനത്തിനുളളിൽവെച്ച് തേൾ കുത്തിയത്. എയർ ഇന്ത്യയുടെ AI 630 വിമാനത്തിലായിരുന്നു സംഭവം.
യുവതി പരാതിയുമായി എത്തിയതോടെയാണ് എയർ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. കുത്തേറ്റയുടൻ യാത്രക്കാരിക്ക് പ്രഥമിക ചിക്തിത്സ നൽകിയെന്നും വിമാനം ലാൻഡ് ചെയ്ത ശേഷം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയതായും എയർ ഇന്ത്യ വ്യക്താവ് പറഞ്ഞു. ഡിസ്ചാർജ് ചെയ്യുന്നതുവരെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നതായും എയർ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു.
വിവരമറിഞ്ഞ് എയർ ഇന്ത്യയുടെ എൻജിനീയറിങ് സംഘം പ്രോട്ടോക്കോൾ പ്രകാരം വിമാനത്തിൽ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് വിമാനത്തിൽഫ്യൂമിഗേഷൻ പ്രക്രിയ നടത്തുകയും ചെയ്തു. വിമാന യാത്രക്കിടെ പലതരത്തിലുളള പരാതികൾ ഉയരാറുണ്ടെങ്കിലും ഒരു യാത്രക്കാരിയെ തേൾ കുത്തുന്നത് അപൂർവ സംഭവമാണ്.