ഇന്ത്യ നടത്തിയ അഗ്നി 5 മിസൈൽ പരീക്ഷണം മിഷൻ ദിവ്യാസ്ത്രയെ നയിച്ചത് മലയാളി ശാസ്ത്രജ്ഞ. എംഐആർവി സാങ്കേതിവിദ്യ വിജയകരമായി പരീക്ഷിച്ച് രാജ്യത്തിന്റെ അഭിമാനവും കരുത്തും വനോളം ഉയർത്തിയ ദൗത്യം തിരുവനന്തപുരം സ്വദേശിനിയും ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞയുമായ ഷീന റാണിയുടെ നേതൃത്വത്തിലായിരുന്നു.
മിസൈല്‍ പരീക്ഷണവിജയം രാജ്യത്തെ അറിയിച്ച പ്രധാനമന്ത്രി ഷീനയെ വിശേഷിപ്പിച്ചത് ദിവ്യപുത്രിയെന്ന്. പരീക്ഷണ വിജയത്തോടെ അമേരിക്ക,റഷ്യ,ചെെന, ബ്രിട്ടൻ,ഫ്രാൻസ് എന്നിവർക്കൊപ്പമാണ് ഇന്ത്യയും ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന് ദിവ്യാസ്ത്ര എന്ന് പേരിട്ടത്. മള്‍ട്ടിപ്പിള്‍ ഇൻഡിപെൻഡന്റ്‌ലി ടാർജറ്റബിള്‍ റീ എൻട്രി വെഹിക്കിള്‍( എം.ഐ.ആ.വി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കുകയും തിരിച്ച് ഭൂമിയിലേക്ക് വന്ന് പല പോർമുനകളായി വേർപിരിഞ്ഞ് ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യതയോടെ പ്രഹരിക്കുകയും ചെയ്യും.
തുമ്പ വി.എസ്.എസ്.സിയില്‍ 1998വരെ ജോലി ചെയ്ത ഷീനാറാണി എട്ടു വർഷം അവിടെ റോക്കറ്റ് നിർമ്മാണ പദ്ധതികളില്‍ പങ്കാളിയായിരുന്നു. തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജില്‍ (സി.ഇ.ടി) നിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക് റാങ്കോടെ പാസായ ശേഷമാണ് വി.എസ്.എസ്.സിയില്‍ ചേർന്നത്. 1999ല്‍ ഐ.എസ്.ആർ.ഒയില്‍ നിന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനില്‍ (ഡി.ആർ.ഡി.ഒ) ചേർന്നു. ഡി.ആർ.ഡി.ഒയുടെ ഭാഗമായ ഹൈദരാബാദ് മിസൈല്‍ ഹൗസിലെത്തിയ ഷീന അഗ്നി മിസൈല്‍ നിർമ്മാണത്തില്‍ തുടക്കം മുതല്‍ പങ്കാളിയാണ്. ഡി.ആർ.ഡി.ഒയിലെത്തിയതിന്റെ 25-ാം വർഷമാണ് ഉജ്ജ്വല നേട്ടത്തിനുടമയായത്.