ബഹ്റൈനിൽ പുതിയ അധ്യയന വർഷം നാളെ ആരംഭിക്കും. വേനലവധിക്ക് ശേഷം സ്കൂളിലേയ്ക്കെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അധ്യാപകർ. മുൻ വർഷങ്ങളേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശിക്കാനെത്തുമെന്നാണ് വിലയിരുത്തൽ.
സ്വദേശി സ്കൂളുകളിൽ 2017 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ ജനിച്ച കുട്ടികളെ ഈ വർഷം ഒന്നാം ക്ലാസിൽ ചേർക്കാൻ അനുവാദം നൽകിയ സാഹചര്യത്തിൽ സ്കൂളിലേയ്ക്കെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുമെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ പറഞ്ഞു. ഈ വർഷം 1,50,000 വിദ്യാർത്ഥികളെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ 209 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 1,55,000 ആണെന്നും 80 സ്വകാര്യ സ്കൂളുകളിലുള്ളവരുടെ എണ്ണം 90,000-ലധികമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ സ്കൂളിലെ ഇടവേള വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ പുതിയ സ്കൂൾ സമയക്രമവും പ്രഖ്യാപിച്ചു. പ്രാഥമിക വിദ്യാർത്ഥികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് 12.30-നും മിഡിൽ സ്കൂൾ 1.15-നും ഹൈസ്കൂൾ 1.45-നും അവസാനിക്കുന്ന രീതിയിലാണ് സമയ ക്രമീകരണം. ഇത്പ്രകാരം വിദ്യാർത്ഥികൾക്ക് ഉച്ചകഴിഞ്ഞ് 3 മണിക്കുള്ളിൽ വീട്ടിലെത്താൻ സാധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.