യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ താപനില 22 ഡിഗ്രി സെൽഷ്യസ് വരെ കുറയും.
രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിലാണ് താപനില 22 ഡിഗ്രി സെൽഷ്യസായി കുറയുക. അതോസമയം ആന്തരിക പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും. ഇന്ന് പുലർച്ചെ ഫുജൈറയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരങ്ങളിലും നേരിയ തോതിൽ മഴ പെയ്തിരുന്നു.
എമിറേറ്റ്‌സിൻ്റെ തീരപ്രദേശങ്ങളിൽ ഈർപ്പത്തിൻ്റെ അളവ് 85 ശതമാനത്തിലുമെത്തും. മാത്രമല്ല അറേബ്യൻ ഗൾഫിൽ കടൽ നേരിയ തോതിലും ഒമാൻ കടലിൽ മിതമായ തോതിലും പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.