2000 രൂപ നോട്ട് മാറി ലഭിക്കാൻ പ്രത്യേകം ഫോം പൂരിപ്പിക്കുകയോ തിരിച്ചറിയൽ രേഖയുടെയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എസ്ബി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കൾക്ക് ഒറ്റ തവണ 10 നോട്ടുകൾ വരെ മാറ്റി നൽകുമെന്നും ഈ പരിധിയിലുള്ള ഇടപാടുകൾക്ക് മറ്റ് രേഖകളുടെ ആവശ്യമില്ലെന്ന് എസ്ബിഐ അറിയിച്ചു.
ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ സെപ്തംബർ 30നോ അല്ലെങ്കിൽ അതിന് മുൻപോ ആയി ബാങ്കുകളിൽ ഏൽപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇതിന് പിന്നിലെ കാരണവും ആർബിഐ വിശദീകരിച്ചിട്ടുണ്ട്. 2016ൽ നോട്ട് നിരോധിച്ച സമയത്ത് കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറഞ്ഞു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ പുതിയ നോട്ട് ഇറക്കേണ്ടത് ആവശ്യമായിരുന്നു.
എന്നാൽ ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുണ്ട്. കൂടാതെ ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ളതാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകളുടെ ആവശ്യം ഇനി ഇല്ല എന്ന് വിലയിരുത്തിയതിനാലാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ വ്യക്തമാക്കി.