കഴിഞ്ഞ ഡിസംബറിൽ റിയാദിൽ നടന്ന കിങ് അബ്ദുൽ അസീസ് ഒട്ടകയോട്ട മത്സരത്തിൽ തോറ്റ സൗദി വനിത വാക്ക് പാലിക്കാന്‍ തീരുമാനിച്ചു. പന്തയത്തില്‍ തോറ്റാല്‍ സ്വദേശത്തേക്ക് ഒട്ടകപ്പുറത്തേറി യാത്ര നടത്തുമെന്നായിരുന്നു റഷ അൽ-ഖുറേഷിയുടെ ശപഥം. ഒടുവില്‍ റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് യുവതിയുടെ ഒട്ടകപ്പുറത്തേറിയുളള യാത്രയ്ക്ക് തുടക്കമായിരിക്കുന്നു.
20 ദിവസം നീണ്ടുനില്‍ക്കുന്നതാണ് യാത്ര. ഓരോ 50 കിലോമീറ്ററിനിടയിലുമായി 14 സ്ഥലങ്ങളിൽ ഇവർ വിശ്രമത്തിനായി തമ്പടിക്കും. സൗദി യുവതിയുടെ ഒട്ടകയാത്ര ശ്രദ്ധേയമായതോടെ നിരവധി ആളുകളാണ് പിന്തുണയുമായി എത്തിയത്.
നേരത്തെ അധികൃതരും ആവശ്യമായ അനുമതിയും പിന്തുണയും നല്‍കിയിരുന്നു.
അനുമതികൾ സംഘടിപ്പിക്കുന്നതിനുളള കാലതാമസമാണ് യാത്ര വൈകുന്നതിന് ഇടയാക്കിയതെന്നും യുവതി സൂചിപ്പിച്ചു.
ശപഥം പാലിക്കുകമാത്രമല്ല ലക്ഷ്യം. താന്‍ മരുഭൂമിയുടെ മകളാണ്. പൂര്‍വ്വികരുടെ ദുരിതയാത്രകൾ പാഠമാക്കാനുളള ആഗ്രഹമാണ് തന്നെ ദീര്‍ഘദൂരയാത്രയ്ക്ക് പ്രേരിപ്പിച്ചത്. ഒട്ടകങ്ങളെ സ്നേഹിച്ചാണ് വളര്‍ന്നതെന്നും റഷ അല്‍ ഖുറേഷി പറയുന്നു. എല്ലാ മേഖലയിലും സ്ത്രീകൾ മുന്നോട്ടു വരികയാണ്. ഒട്ടകങ്ങളെ വളര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും സ്ത്രീകൾക്ക് വിജയിക്കാനാകുമെന്ന് ബോധ്യപ്പെടുത്തുക എന്ന് ലക്ഷ്യവും തനിക്കുണ്ടെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. യാത്രപൂര്‍ത്തിയാകുന്നതോടെ ഗിന്നസ് റെക്കോര്‍ഡ് തേടിയെത്തുമെന്നും പ്രതീക്ഷയുണ്ട്.
അതേസമയം റിയാദിലെ ഒട്ടകയോട്ട മത്സരത്തില്‍ നിരവധി രാജ്യങ്ങളെ പ്രതിനിധികരിച്ച് മത്സരാര്‍ത്ഥികൾ എത്താറുണ്ട്. പ്രതി വര്‍ഷം ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മേളകൂടിയാണിത്.