ടൂറിസ്റ്റ് വിസ സംബന്ധിച്ച് പല രാജ്യങ്ങളിലും പല നിയമങ്ങളാണ് നിലവിലുള്ളത്. ഒരു രാജ്യത്തേക്ക് പോകുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ സംബന്ധിച്ച അറിവ് സ്വായത്തമാക്കുന്നത് ചിലപ്പോഴെങ്കിലും ഗുണം ചെയ്യും. വിസ നിയമത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റിൽ ലഭ്യമാണ്. സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിലേക്ക് പോയ മലയാളിയുടെ അനുഭവമാണ് വാർത്തയിൽ ഇടം നേടിയിരിക്കുന്നത്.
എറണാകുളം സ്വദേശി ഹമീദ് ഉമറാണ് സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ നിയമം അറിയാത്തത് മൂലം കുരുക്കിൽപ്പെട്ടിരിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് സൗദിഅറേബ്യ സന്ദർശിക്കാൻ ടൂറിസം മന്ത്രാലയം നൽകുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ നിയമം അറിയാത്തതാണ് അദ്ദേഹത്തെ നിയമക്കുരുക്കിലാക്കിയത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിൽ ആദ്യം ഹമീദ് സൗദിയിലെത്തിയത്. കൃത്യം 89 ദിവസം പൂർത്തിയായപ്പോൾ മടങ്ങുകയും ചെയ്തു. ഉടൻ അടുത്ത ടൂറിസം വിസക്ക് അപേക്ഷിച്ചു. 90 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ 29ന് റിയാദ് എയർപോർട്ടിൽ ഇറങ്ങി.
മുൻ തവണത്തേതു പോലെ 89 ദിവസം പൂർത്തിയാക്കി മടക്കയാത്രക്ക് എയർപോർട്ടിലെത്തിയപ്പോൾ എക്സിറ്റ് നടപടി പൂർത്തിയാക്കാനായില്ല. 8,700 റിയാൽ പിഴയടച്ചുവരാൻ ഉദ്യോസ്ഥൻ സ്ലിപ്പ് നൽകി. പിന്നീടാണ് ഹമീദിന് കാര്യം മനസ്സിലായത്. ടൂറിസം വിസയിൽ പരമാവധി ഒരു വർഷം സൗദിയിൽ തങ്ങാനാകുക 90 ദിവസമാണ്.
ആദ്യ വിസയിൽ 89 ദിവസവും രണ്ടാം വിസയിൽ 88 ദിവസവും രാജ്യത്ത് തങ്ങിയ ഹമീദ് 87 ദിവസം സൗദിയിൽ അനധികൃതമായി അധികം തങ്ങിയതിനാണ് നിയമമനുസരിച്ച് ദിവസം 100 റിയാൽ പ്രകാരം 87 ദിവസത്തേക്ക് 8,700 റിയൽ പിഴയിട്ടത്. അതോടെ ജനുവരി 25ന് നിശ്ചയിച്ചിരുന്ന യാത്ര മുടങ്ങി. ഇനി ഓരോ ദിവസവും 100 റിയാൽ വീതം പിഴ ഇരട്ടിക്കുകയാണ്. ഇത്രയും വലിയ തുക അടക്കാൻ കഴിയാത്തതിനാൽ എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്ന ആശങ്കയിലാണ് ഹമീദ്.