സൗദിയിലെ പർവ്വതമേഖലയിൽ ടൂറിസവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് തെക്കുപടിഞ്ഞാറൻ സൗദിയിലെ അസീർ മേഖലയിൽ ‘കിമ്മത്ത് അൽ സൗദ’ എന്ന പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ സമുദ്രനിരപ്പിൽ നിന്ന് 3,015 മീറ്റർ ഉയരത്തിൽ ഒരു ആഡംബര പർവത വിനോദസഞ്ചാര കേന്ദ്രമാണ് സ്ഥാപിക്കുക.
ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങിയ സുപ്രധാന വ്യവസായങ്ങൾ വിപുലീകരിച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഭാഗമാണ് പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദ മേഖലയിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായാണ് ഇത് നടപ്പാക്കുക. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് സൗദി കൊടുമുടികളെ ലക്ഷ്വറി മൗണ്ടൻ ടൂറിസത്തിലേയ്ക്ക് ഉയർത്തുകയാണ് കിമ്മത്ത് അൽ സൗദ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2033-ഓടെ രണ്ട് ദശലക്ഷത്തിലധികം സന്ദർശകർക്ക് ഉയർന്ന നിലവാരമുള്ള ആഡംബര ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നൽകാനാണ് ഇതുവഴി ശ്രമിക്കുന്നത്. പ്രാദേശിക-പരമ്പരാഗത വാസ്തുവിദ്യാ ശൈലികൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് മാസ്റ്റർപ്ലാൻ രൂപകൽപന ചെയ്തിരിക്കുന്നത്. താൽ, സാഹബ്, സബ്റഹ്, ജരീൻ, റിജാൽ, റെഡ് റോക്ക് എന്നിങ്ങനെ ആറ് അതുല്യമായ വികസന മേഖലകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതുവഴി സൗദിയുടെ ടൂറിസം മേഖല ലോകശ്രദ്ധയാകർഷിക്കുമെന്നാണ് വിലയിരുത്തുന്നത്.