സൗദി അറേബ്യയിൽ പുതിയ ഹജ്ജ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ 20 വരെയാണ് ഹജ്ജ് നിർവ്വഹിക്കുന്നവർക്കുള്ള കർശനമായ നിയമങ്ങൾ നിലനിൽക്കുക. അനുമതിയില്ലാതെ ഹജ്ജ് നിർവ്വഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും 10,000 സൗദി റിയാലാണ് (ഏകദേശം 9,000 ദിർഹം) പിഴയായി ചുമത്തുക.
അനുമതിയില്ലാതെ ഹജ്ജിനായി തീർത്ഥാടകരെ കൊണ്ടുവരുന്നവർക്ക് 6 മാസം വരെ തടവും 50,000 സൗദി റിയാലോ 49,000 ദിർഹമോ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിച്ച് എത്തുന്നവരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും നിയമപ്രകാരം ഒരു നിശ്ചിത കാലയളവിലേക്ക് സൗദിയിലേക്ക് വീണ്ടും പ്രവേശിക്കുന്നത് തടയുകയും ചെയ്യും. അതേസമയം, അനുമതിയില്ലാതെ ഹജ്ജ് തീർത്ഥാടകരെ കൊണ്ടുവരുന്ന ഒരു താമസക്കാരൻ പിടിക്കപ്പെട്ടാൽ ശിക്ഷാ കാലാവധിക്ക് ശേഷം അവരെ നാടുകടത്തുകയും നിശ്ചിത കാലയളവിലേക്ക് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.
മക്ക നഗരം, സെൻട്രൽ ഏരിയ, പുണ്യസ്ഥലങ്ങൾ, ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകൾ, സ്‌ക്രീനിംഗ് സെൻ്ററുകൾ, താൽക്കാലിക സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ അനുമതിയില്ലാതെ എത്തുന്നതും നിരോധിച്ചിട്ടുണ്ട്. വിസിറ്റ് വിസയിൽ എത്തിയവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ അനുവാദമില്ലെന്നും സന്ദർശകർ ജൂൺ 2-നും ജൂൺ 21-നും ഇടയിൽ മക്കയിലേക്ക് യാത്ര ചെയ്യുന്നതും താമസിക്കുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.