94–ാം ദേശീയദിനം ആഘോഷിക്കുകയാണ് സൗദി അറേബ്യ. ഈ അവസരത്തിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി അറേബ്യയിലെ ജനങ്ങൾക്കും ആശംസകൾ നേരുകയാണ് യുഎഇ ഭരണാധികാരികൾ.
യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി ദേശീയദിനത്തിൽ ഭരണാധികാരികൾക്ക് ആശംസ നേർന്നു. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന അഗാധമായ സൗഹൃദ ബന്ധങ്ങൾ തുടരട്ടേയെന്നും ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
സുസ്ഥിരമായ വികസനത്തിൻ്റെ പാതയിൽ തുടരാൻ സൗദി അറേബ്യയ്ക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നതായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസിച്ചു. അതോടൊപ്പം യുഎഇ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതിയുടെ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സൗദി ഭരണാധികാരികൾക്കും ജനങ്ങൾക്കും ആശംസകൾ നേർന്നു.