രാജ്യത്തിന്റെ 92-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കുന്നതിന് മുന്നൊരുക്കങ്ങളുമായി സൗദി. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഒക്ടോബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘിടപ്പിക്കുന്നത്. സെപ്തംബർ 23ന് നാണ് ദേശീയ ദിനം.
വ്യോമാഭ്യാസവും കലാ പരിപാടികളും
ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പ്രതിരോധ മന്ത്രാലയം വ്യോമാഭ്യാസം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22, 23 തീയതികളില്‍ വൈകിട്ട് 4.30ന് വ്യോമാഭ്യാസത്തിന് തുടക്കമാവും. ജിദ്ദയില്‍ അഭ്യാസ പ്രകടനങ്ങൾ മൂന്ന് ദിവസം നീണ്ടുനില്‍ക്കും. സൗദിയിലെ പൈതൃക നഗരങ്ങളിലും പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലായി സംഗീത-കലാ പരിപാടികളും അരങ്ങേറും.
പതാക ഉപയോഗിച്ച് പരസ്യം പാടില്ല
അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായുള്ള പരസ്യങ്ങളില്‍ ദേശീയ പതാകയും ചിഹ്നവും ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സൗദി വ്യക്തമാക്കി. പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ പ്രമോഷനുകളിൽ രാജ്യത്തിന്‍റെ പതാക ഉപയോഗിക്കാൻ പാടില്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും പേരുകളും നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അവഹേളിച്ചാല്‍ തടവും പിഴയും
ഇത്തരം ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും മാർക്കറ്റുകളിൽ പരിശോധന നടക്കുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.ദേശീയ പതാകയെയോ രാജകീയ പതാകയെയോ അവഹേളിക്കുന്നത് ഒരു വർഷം വരെ തടവും അരലക്ഷത്തിലേറെ രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് തന്നെ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.