കേരളത്തിൽ നിപ വൈറസ് വ്യാപിച്ച പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ച് സൗദി ആരോഗ്യമന്ത്രാലയം. നിപ വൈറസ് ബാധയെക്കുറിച്ചും സൗദിയിലേയ്ക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചുമാണ് സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര യാത്രകൾ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കണക്കിലെടുത്താണ് അറിയിപ്പ് നൽകിയത്.
നിപ വൈറസിന്റെ അണുബാധ നിരീക്ഷണ ഗൈഡ് ആരോഗ്യ മന്ത്രാലയം അപ്ഡേറ്റ് ചെയ്തതായും ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും എല്ലാ ആരോഗ്യ പ്രാക്ടീഷണർമാർക്കും വിതരണം ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സർക്കുലർ അനുസരിച്ച് നിപ്പ വൈറസുമായി ബന്ധപ്പെട്ട സംശയമുണ്ടെങ്കിൽ ഹിസ്ൻ പ്രോഗ്രാം വഴി റിപ്പോർട്ട് ചെയ്യണമെന്നും എത്രയുംവേഗം സാമ്പിൾ എടുത്ത് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലേക്ക് അയക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.