ഖത്തർ വ്യവസായിക മേഖലയ്ക്ക് സഹായവുമായി സൗദി. ഖത്തരി വ്യവസായികൾക്ക് സൗദിയിൽ നിക്ഷേപം നടത്തുന്നതിനുള്ള പിന്തുണ നൽകാൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സൗദി വ്യവസായ മന്ത്രി. സൗദി ഖനനമേഖലയിലെ ഗുണകരമായ വ്യാവസായിക പദ്ധതികൾക്ക് 75ശതമാനം വരെ ധനസഹായം ലഭ്യമാക്കുമെന്ന് സൗദി ഖനന ധാതുവിഭവശേഷി വകുപ്പ് മന്ത്രി ബന്ദർ അൽഖുറൈയ്ഫ് അറിയിച്ചു. ദോഹയിൽ ഖത്തർ ബിസിനസ്സ്മെൻ അസോസിയേഷൻ സംഘടിപ്പിച്ച പരപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
മാത്രമല്ല, സൗദിയിലെ ഖനന മേഖലയിൽ ലഭ്യമായ പ്രോത്സാഹനങ്ങളും അവസരങ്ങളും ബിസിനസ് പ്രമുഖരുമായുള്ള കൂടികാഴ്ചയിൽ ചർച്ചയായിട്ടുണ്ട്. 36ഓളം വരുന്ന വ്യാവസായിക നഗരങ്ങളിൽ ഉടനീളം ലഭ്യമായ വൈവിധ്യമാർന്ന ധനസഹായ സ്രോതസുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ധാതുസമ്പത്തിന്റെ വിവരങ്ങൾ എന്നിവയും മന്ത്രി വിശദീകരിച്ചു.
ദേശീയ വ്യവസായ തന്ത്രം സ്വകാര്യ മേഖലയുമായുള്ള ശക്തമായ പങ്കാളിത്തത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സൗദിക്കകത്ത് വ്യാവസായിക വികസനം നയിക്കുന്നതിൽ സ്വകാര്യമേഖലയുടെ നിർണായക പങ്കും മന്ത്രി പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.