ഈ വർഷത്തെ ഹജ്ജ് സീസണിലെ പ്രവർത്തനങ്ങൾ ഹിജ്റ 1445-ൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. നാല് ദിവസം നീണ്ട ഹജ്ജ്, ഉംറ സേവന സമ്മേളനത്തിന്റെയും എക്‌സിബിഷന്റെയും മൂന്നാം പതിപ്പിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് സൽമാൻ രാജാവിനോട് അൽ-റബിയ നന്ദി രേഖപ്പെടുത്തി.
മന്ത്രാലയത്തിലെ സ്റ്റാഫികളുടെ അസാധാരണമായ പരിശ്രമങ്ങൾക്കും കോൺഫറൻസിലും എക്സിബിഷനിലും പങ്കെടുത്ത എല്ലാ സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഹജ്ജ്, ഉംറ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുന്ന അതുല്യമായ പദ്ധതികൾ സമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, തീർത്ഥാടകർക്ക് മികച്ച സേവനം നൽകാൻ ലക്ഷ്യമിട്ടുള്ള പുതിയ സേവനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സമാരംഭം ചടങ്ങിൽ പ്രദർശിപ്പിച്ചു. ഭവന നിർമ്മാണം, ലോജിസ്റ്റിക്കൽ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം കരാറുകളിൽ ഒപ്പുവെക്കുന്നതിനും സമ്മേളനം സാക്ഷ്യം വഹിച്ചു.