അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ ആകർഷിക്കാൻ സൗദിയുടെ പ്രത്യേക പദ്ധതി. റിയാദ് സിറ്റിക്ക് വേണ്ടിയുള്ള റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡിൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സൌദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയുടെ പ്രതിവാര സമ്മേളനത്തിലാണ് തീരുമാനം.
ഉപേക്ഷിക്കപ്പെട്ടതോ കേടായതോ ആയ വാഹനങ്ങളുടെ സർവീസ് നിർത്തിവയ്ക്കുന്നതിനുള്ള ചട്ടങ്ങൾക്കും മന്ത്രിതല സമിതി അംഗീകാരം നൽകി. അത്തരം വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ വ്യക്തിഗത രേഖകളിൽ നിന്ന് വാഹനങ്ങൾ ഒഴിവാക്കുന്നതിന് അനുവദിച്ച തിരുത്തൽ കാലയളവ് ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുമുണ്ട്.
മാർച്ച് 11ന് ദേശീയ പതാക ദിനം വിലുസലമായി ആചരിക്കാനും തീരുമാനമായി. ദേശീയ ഐക്യത്തിൻ്റെ പ്രതീകമെന്ന നിലയിൽ വലിയ പ്രാധാന്യമാണ് പതാക ദിനത്തിനുളളതെന്നും സമ്മേളനം വിലയിരുത്തി. ഹിജ്റ 1139-ൽ സ്ഥാപിതമായത് മുതൽ സൗദി അറേബ്യയുടെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യം ഏകീകരിക്കുന്നതിനുള്ള അവസരമായാണ് മാർച്ച് 11-നെ കണക്കാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സുസ്ഥിരത കൈവരിക്കുക, പൊരുത്തപ്പെടൽ വർദ്ധിപ്പിക്കുക, പ്രത്യാഘാതങ്ങൾ കുറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മൂൻതൂക്കം നൽകുന്നതും മന്ത്രിതല സമിതി ചർച്ചചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന് ആവശ്യമായ വിജ്ഞാന അടിത്തറ കെട്ടിപ്പടുക്കുന്നതിന് കാലാവസ്ഥാ കേന്ദ്രം സ്ഥാപിച്ചതും കണക്കിലെടുത്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.192 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ മേഖല പങ്കാളിത്തം ശക്തിപ്പെടുത്തുന്ന ഷരീഖ് പദ്ധതിയുടെ ആദ്യ ഘട്ടത്തേയും കൗൺസിൽ അഭിനന്ദിച്ചു