ഹജ്ജ് സീസണിന് തുടക്കമായതോടെ തീർത്ഥാടകർക്കായി പുതിയ പദ്ധതികൾ ആരംഭിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കായി ഡിജിറ്റൽ ഐഡിയാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്.
സൗദി വിഷൻ 2030 അനുസരിച്ച് ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്ന നയത്തിന്റെ ഭാഗമായാണ് ഡിജിറ്റൽ ഐഡി നടപ്പിലാക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് വിവിധ നടപടിക്രമങ്ങൾ സുഗമമായി നിർവ്വഹിക്കുന്നതിനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. സൗദി വിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി എന്നിവരുമായി ചേർന്നാണ് ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡി ആരംഭിച്ചിരിക്കുന്നത്.
ഈ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് അബിഷെർ, തവകൽന സംവിധാനങ്ങളിലൂടെ ഇലക്ട്രോണിക് രീതിയിൽ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ സാധിക്കും.