റിയാദ് എക്സ്പോ 2030ന്റെ മാസ്റ്റർ പ്ലാൻ സൗദി അറേബ്യ അവതരിപ്പിച്ചു. ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് അംഗരാജ്യങ്ങളുടെ സഹകരണത്തോടെ പാരിസിൽ നടക്കുന്ന റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അധികൃതർക്ക് നൽകിയ സ്വീകരണ ചടങ്ങിലാണ് സൗദി അറേബ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്തായാണ് റിയാദ് എക്സ്പോ 2030 ഒരുക്കുന്നത്. വിദേശീയർക്ക് എളുപ്പത്തിൽ എക്സ്പോ വേദിയിലേക്ക് എത്തുന്നതിനാണ് ഇവിടം തിരഞ്ഞെടുത്തത്. എയർപോർട്ടിൽ നിന്ന് എക്സ്പോ വേദിയിലേക്ക് റിയാദ് മെട്രോ വഴി എത്തിച്ചേരാൻ സാധിക്കും. റിയാദ് നഗരത്തിന്റെ എല്ലാ മേഖലകളെയും എക്സ്പോ വേദിയുടെ മൂന്ന് പ്രവേശന കവാടങ്ങളിലൊന്നുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
‘ദീർഘദൃഷ്ടിയോടെയുള്ള ഭാവിയിലേക്ക് ഭൂമിയെ നയിക്കാം’ എന്നതാണ് എക്സ്പോയുടെ പ്രമേയം. മാസ്റ്റർ പ്ലാൻ അനുസരിച്ച് ലോക എക്സ്പോ വേദിയിലെ പവലിയനുകൾ ഒരു ഭൂഗോളത്തിന്റെ രൂപത്തിലായിരിക്കും ഒരുക്കുക. എക്സ്പോയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുന്നത് ലക്ഷ്യമിട്ടാണിത്. റിയാദ് നഗരത്തിന്റെ ചരിത്രം, സംസ്കാരം, ഭൂഘടന എന്നിവ എടുത്തുകാണിക്കുന്ന രീതിയിലാണ് എക്സ്പോ വേദി ഒരുക്കുക.