സ്വർണ വിപണിയിലെ തട്ടിപ്പ് തടയാൻ പരിശോധന ശക്തമാക്കി സൌദി വാണിജ്യ മന്ത്രാലയം. മാനദണ്ഡങ്ങളും നിബന്ധനകളും ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്. വ്യാജ സ്വർണത്തിൻ്റെ വിപണനം തടയുകയാണ് പ്രധാന ലക്ഷ്യം.
സ്വർണ്ണ വില്പനശാലകളിൽ പരിശോധനകൾ നടത്തുന്നതിനൊപ്പം, ലോഹങ്ങളും, രത്നക്കല്ലുകളും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ്റെ കീഴിലുള്ള ലാബുകളിലാണ് പരിശോധന നടത്തുക. സ്വർണ്ണാഭരണങ്ങളിൽ രേഖപ്പെടുത്തിയ സ്റ്റാമ്പുകളും പരിശോധിച്ച് സാധുത ഉറപ്പുവരുത്തും.
സൗദി സ്വർണ വ്യാപര നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും നാല് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
സ്വർണ്ണവില്പനശാലകളുടെ ലൈസൻസ് കാലാവധി, കൃത്യമായ ഇൻവോയ്‌സ് വിവരങ്ങളുടെ രേഖപ്പെടുത്തൽ, സ്വർണ്ണത്തിൻ്റെ പരിശുദ്ധി മുതലായ ഘടകങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയമിച്ചെന്നും അധികൃതർ സൂചിപ്പിച്ചു.