ഗാർഹിക തൊഴിലാളികൾക്ക് ഇനിമുതല്‍ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സൗദി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം ട്യൂഷൻ ടീച്ചർ എന്നിവർക്കെല്ലം ഇൻഷുറൻസ് ബാധകമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദി സെൻട്രൽ ബാങ്കായ സാമയും നജും ഇൻഷുറൻസ് സർവീസ് കമ്പനിയും സഹകരിച്ചാണ് പദ്ധതിയെന്നും മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളി മരണമടയുകയൊ ജോലി ചെയ്യാൻ കഴിയാത്ത വിധം പരിക്കേൽക്കുകയൊ ഗുരുതര രോഗത്തിന്‍റെ പിടിയിലാവുകയൊ ചെയ്യുന്ന സന്ദർഭങ്ങളിൽ തൊഴിലുടമക്കുണ്ടാകുന്ന നഷ്ടം ഇന്‍ഷുറന്‍സ് കമ്പനി നികത്തും. പകരം തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിക്കാനുള്ള ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കും. ഗാർഹിക തൊഴിലാളി മരിച്ചാൽ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിനുള്ള ചെലവും ഇൻഷുറൻസ് കമ്പനി വഹിക്കും. തൊഴിലാളി ജോലി ചെയ്യാൻ വിസമ്മതിക്കുക, ഒളിച്ചോടുക, തുടങ്ങിയ സന്ദര്‍ഭങ്ങളിലും തൊഴിലുടമക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണ് നിര്‍ദ്ദേശം.
അപകടത്തെ തുടർന്ന് അംഗവൈകല്യം നേരിടുന്ന തൊഴിലാളികൾക്ക് മികച്ച നഷ്ടപരിഹാരവും ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌പോൺസർ മരിക്കുകയോശമ്പളം മുടങ്ങുകയും ചെയ്യുന്ന വേളയിലും ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.