സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശിക്കുന്നു. പതിനെട്ടാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ എത്തുന്നത്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ഉച്ചകോടിയ്ക്കു ശേഷം സൗദി കിരീടാവകാശി സെപ്റ്റംബർ 11ന് രാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
അതേസമയം അടുത്തിടെ സൗദി അംബാസഡർ സാലിഹ് അൽ ഹുസൈനി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന്റെ വിവിധ മേഖലകളിലുള്ള വികസനത്തിനും പുരോഗതിയ്ക്കും വേണ്ടി ഉറ്റുനോക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കർ ട്വീറ്റ് ചെയ്യുകയും ചെയ്തു.
2019 ഫെബ്രുവരിയിലാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അതേസമയം ഇന്ത്യയിലെത്തുന്ന സൗദി കിരീടാവകാശിയുടെ സന്ദർശനത്തിന് മുന്നോടിയായി പാകിസ്ഥാൻ വലിയ സമ്മർദമാണ് ചെലുത്തുന്നത്. 2019ൽ ഇന്ത്യയിൽ എത്തിയ സന്ദർഭത്തിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. എന്നാൽ ഇത്തവണ ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും അദ്ദേഹം പാകിസ്ഥാൻ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ഇരു ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ല.